History
The
History
ശ്രീ മൂർത്തികളായ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർക്ക് മൂലസ്ഥാനവും ശക്തിസ്വരൂപിണിയായ മഹാമായയെയാണ് ദുർഗ്ഗാ ദേവി എന്ന നിലയിൽ പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രീയത്തിൽ പൂജിക്കപ്പെട്ടുവരുന്നത്. പ്രസ്തുത ക്ഷേത്രം അനന്തപുരിയിൽ ചരിത്രപ്രസിദ്ധമായ വട്ടിയൂർകാവിനടുത്തുള്ള കാച്ചാണി സ്കൂളിന് സമീപം പുന്നാംകോണം എന്ന പ്രകൃതിരമണീയമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പഴയകാലത്ത് പുന്നമരങ്ങളാൽ അലംകൃതമായ പ്രദേശമായിരുന്നതിനാൽത്തന്നെ ഈ സ്ഥലം പുന്നാംകോണം എന്ന പേരിൽ അറിയപ്പെട്ടു.
ഒരുകാലത്ത് ശ്രീ ഭഗവതീ ക്ഷേത്രം പ്രശസ്തിയും പ്രതാപവും സമ്പത്തും പ്രൗഢിയും ഉണ്ടായിരുന്ന പുന്നാംകോണത്തു നായർ തറവാട്ടുകാരുടെ വകയായിരുന്നു. ഇന്ന് ക്ഷേത്രനടത്തിപ്പും ഭരണനിർവ്വഹണവും രജിസ്റ്റർ ചെയ്ത ഒരു ട്രുസ്ടിന്റെ മേൽനോട്ടത്തിൽ നടത്തിവരുന്നു.
ക്ഷേത്രോല്പത്തിയെപ്പറ്റി പരമ്പരയായി പറഞ്ഞുകേൾകുന്നതല്ലാതെ ലിഖിതമായ പ്രമാണങ്ങൾ ഒന്നുംതന്നെയില്ല. പദ്മനാഭപുരത്തെ "ഇലങ്കമൺ" തറവാട്ടുകാരണവരായ രാമൻകാളി പുന്നാംകോണത്തു കുടുംബസമേതം വന്നുതാമസം ഉറപ്പിച്ചതോടെയാണ് ക്ഷേത്രോല്പത്തിയുടെ ചരിത്രം തുടങ്ങുന്നത്.
ശ്രീ രാമൻകാളി ഉഗ്രപ്രതാപിയും തിരുവാതുങ്കുർ രാജകുടുംബത്തിലെ കാര്യസ്ഥനുമായിരുന്നു . അന്ന് രാജാവിന്റെ ആസ്ഥാനം പദ്മനാഭപുരത്തെ കൊട്ടാരമായിരുന്നു. ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറിയപ്പോൾ രാമൻ കാളിയും കുടുംബവും പുന്നാംകോണത്ത് വാസമുറപ്പിച്ചു. തറവാട്ടിലെ മറ്റുശാഖയിൽപ്പെട്ടവർ പെരുങ്കിടവിളയിലെ കാമുകറത്തല എന്ന സ്ഥലത്തേക്കും മാറി. ഇതിനെല്ലാം വേണ്ട സൗകര്യങ്ങൾ കൊട്ടാരത്തിൽനിന്നുതന്നെ ചെയ്തുകൊടുത്തിരുന്നു.
പുന്നാംകോണത്ത് താമസം തുടങ്ങിയതോടെ തന്റെ പരദേവതയെ തറവാടിനടുത്തുള്ള ഒരു സ്ഥലത്ത് ദുർഗ്ഗയായി സങ്കല്പിച്ച് ആരാധിച്ചുതുടങ്ങി. ഇതിനു കാരണവർക്ക് സ്വപ്നനിയോഗം ഉണ്ടായിരുന്നു. അതനുസരിച്ചു കാര്യങ്ങൾ മുന്നോട്ടുനീക്കി സർപ്പകാവിനു ഒരുവിളിപ്പാടകലെയുള്ള സ്ഥലത്താണ് ദേവിയെ പ്രതിഷ്ഠിച്ചത്. ദേവിയുടെ അനുഗ്രഹം കുടുംബത്തിനും ദേശവാസികൾക്കും അനുഭവപ്പെടുകയും ക്ഷേത്രത്തിന്റെ പ്രശസ്തിയെക്കുറിച്ച് മനസിലാക്കി കൊട്ടാരത്തിൽ നിന്നും ക്ഷേത്രം പണികഴിപ്പിച്ച് പൂജിച്ചുകൊള്ളുവാൻ വേണ്ട സൗകര്യങ്ങൾ ഏർപ്പാടാക്കി ക്ഷേത്രകാര്യങ്ങൾക്കുവേണ്ടി വസ്തുവകകൾ പതിച്ചുകൊടുക്കുകയും ചെയ്തു. ഇതിൽ കാച്ചാണി - അരുവിക്കര റോഡിൽ കാച്ചാണി സ്കൂൾ ജംഗ്ഷന് സമീപം ലഭിച്ചസ്ഥലത്താണ് അന്നത്തെകാരണവർ വഴിയമ്പലവും കിണറും കൽത്തൊട്ടിയും ചുമടുതാങ്ങിയും നിർമ്മിച്ച് വഴിയാത്രക്കാർക്കും കാളവണ്ടിയും മറ്റുമായി യാത്രചെയ്യുന്ന കച്ചവടക്കാർക്ക് വിശ്രമിക്കുവാനും കാളകൾക്ക് വെള്ളം കൊടുക്കുവാനുമുള്ള സൗകര്യങ്ങൾ ചെയ്തു. എന്നാൽ കാലം മാറി ചുമടുതാങ്ങിയുടെയും മറ്റും ആവശ്യമില്ലാതായി. റോഡിൻറെ വീതി കൂട്ടിയപ്പോൾ ചുമടുതാങ്ങി എടുത്തുമാറ്റി, കാലപ്പഴക്കത്താൽ കിണർ ഇടിഞ്ഞുതാഴ്ന്നു, വഴിയമ്പലം ഇപ്പോളും ക്ഷേത്രട്രസ്റ്റ് സംരക്ഷിച്ചുവരുന്നു. മുൻകാലങ്ങളിൽ ടി സ്ഥലം കാച്ചാണി അമ്പലംമുക്ക് എന്ന നാമധേയത്താൽ അറിയപ്പെട്ടിരുന്നു.
രാമൻകാളിയുടെ കാലശേഷം വന്ന കാരണവരും കൊട്ടാരത്തിലെ ഉള്ളാക്കുറുപ്പായിരുന്നു. അദ്ദേഹവും ക്ഷേത്ര കാര്യങ്ങൾ നന്നായി നോക്കിനടത്തിയിരുന്നു.
പഴയതലമുറക്കാർ വിഷംതീണ്ടിയാലോ മാറാരോഗങ്ങളോ വന്നാൽ ക്ഷേത്രത്തിലെ കാരണവന്മാരെ വന്നുകണ്ട് ക്ഷേത്രത്തിൽനിന്നും ഭസ്മം ജപിച്ചിട്ടാൽ എത്രമാറാരോഗങ്ങളായാലും മാറുകയും ഭക്തജനങ്ങൾക്ക് വളരെ വിശ്വാസവുമായിരുന്നു.
കാലം മാറി രാജവാഴ്ച ഇല്ലാതായി. കുടുംബം ക്ഷയിച്ചുതുടങ്ങി ക്ഷേത്രകാര്യങ്ങൾ വേണ്ടത്ര പ്രാധാന്യം കല്പിക്കതായി. പൗരാണികമായ ഈ ദേവീക്ഷേത്രത്തിന് അനാഥത്വം സംഭവിച്ചു. തത്‌ഫലമായി പ്രസ്തുത കുടുംബത്തിനുമാത്രമല്ല സമീപവാസികൾക്കും അനർത്ഥങ്ങൾ ഉണ്ടായിത്തുടങ്ങി. ദുരിതങ്ങളും ആപത്തുകളും അടിക്കടി ഉണ്ടായിക്കൊണ്ടിരുന്നു. ഈ സന്ദർഭത്തിൽ കുടുംബക്കാരും നാട്ടുകാരും ചേർന്ന് ഒരു ട്രസ്റ്റ് രൂപീകരിച്ച് ഈ ട്രുസ്ടിന്റെ ശ്രമഫലമായി ക്ഷേത്രം പുനരുദ്ധരിക്കപ്പെട്ടു. ക്ഷേത്രകാര്യങ്ങൾ മുറപോലെയായി. ട്രുസ്ടിന്റെ ഭരണവും താന്ത്രിക പൂജയും കൂടാതെ " ആചാര്യാതപസ്സ് ആംനേയ ജപനേ നിയമേനച ഉത്സവേനfന്നദാനേന" എന്നീ അഞ്ചുവിധത്തിലുള്ള ചൈതന്യ വർധനോപാധികളെക്കൊണ്ട് ക്ഷേത്രം ഉത്തരോത്തരം പുരോഗതി പ്രാപിച്ചുവരുന്നു. കാരുണ്യവതിയായ അമ്മയുടെ സാന്നിധ്യം നാൾക്കുനാൾ വർധിക്കുകയും ചൈതന്യം എമ്പാടും പ്രസാദിക്കുകയും പലവിധഗുണങ്ങൾ ദേശവാസികൾക്കും ഭക്തജനങ്ങൾക്കും അനുഭവപ്പെടുകയും ചെയ്തുവരുന്നു.
ക്ഷേത്രത്തിനു ഒരുവിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന സർപ്പക്കാവ് പണ്ടുമുതലേ പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെയാണ് അതിനടുത്തു ഈ ദേവിക്ഷേത്രം രൂപംകൊള്ളാനിടയായത് എന്ന് വിശ്വാസിക്കുന്നു. കാവിലെ നാഗരാജാവ് വൈഷ്ണവാംശമുള്ള ആനന്ദഭഗവാനാണ്.ആചാര്യമര്യാദയും താന്ത്രികവിധിപ്രകാരമുള്ള സർപ്പബലിയും കളമെഴുത്തുപാട്ടും മറ്റുപൂജകളും യഥാവിധി നടന്നുവരുന്നു.
പുരാതനകാലത്ത് സർപ്പവിഷം തീണ്ടിയാൽ കുടുംബകാരണവന്മാരെക്കൊണ്ട് ക്ഷേത്രത്തിൽ നിന്നും ദേവിയെയും നാഗരാജാവിനെയും ധ്യാനിച്ച് ഭസ്മം നെറ്റിയിൽ പുരട്ടി സുഖപ്പെടുത്തിയിട്ടുണ്ട്. ഇന്നുകാണുന്ന രീതിയിലുള്ള കാവല്ലായിരുന്നു മുൻപ്. അന്ന് ഘോരസർപ്പങ്ങൾ നിറഞ്ഞ വനമായിരുന്നതിനാൽ കാവിൽ ആരുംതന്നെ പ്രവേശിച്ചിരുന്നില്ല.കാവിൽനിന്നും ഒന്നുംതന്നെ ആർക്കും എടുക്കാനുമായിരുന്നില്ല.
ഒരിക്കൽ കാവിൽനിന്നും വിറകുശേഖരിച്ചുകൊണ്ടുപോയി കത്തിച്ചവരുടെ വ്വെടുകളിൽ സർപ്പസാന്നിധ്യം ഉണ്ടായതായി പഴമക്കാർ പറയപ്പെടുന്നു. നാഗരുടെ ബിംബത്തിൽ പൂജകഴിഞ്ഞു ചാർത്തിയിരുന്ന ഹാരം പരീക്ഷണാർദ്ധം എടുക്കാൻ തുനിഞ്ഞ ഒരാളെ ഘോരസർപ്പം വിരട്ടിയോടിച്ചതായും പറയപ്പെടുന്നു. ഇങ്ങനെ ഒട്ടേറെ കഥകളാണ് കാവിനെ സംബന്ധിച്ച് ഇന്നാട്ടിലെ പഴമക്കാർ പറഞ്ഞുവരുന്നത്.
മറ്റുസർപ്പകാവുകളിൽനിന്നും വ്യത്യസ്തമായ ആചാരവിധിപ്രകാരമുള്ള ആയില്യപൂജയാണ് എല്ലാ മാസവും ആയില്യനാളുകളിൽ ഇവിടെ നടക്കുന്നത്. നൂറുംപാലും രാഹുർദോഷപരിഹാരം എന്നീ പൂജകൾ എല്ലാ ആയില്യനാളുകളിലും നടന്നുവരുന്നു. തുലാമാസത്തിലെ ആയില്യം മഹാ ആയില്യമായി വളരെ ആഘോഷപൂർവം നടത്തിവരുന്നു. ഈ ദിവസം നാടിൻറെ നാനാഭാഗത്തുനിന്നും ഭക്തജനങ്ങൾ എത്തിച്ചേരുന്നു. കൂടാതെ സർപ്പബലി ഏറ്റവും മഹത്തായ രീതിയിൽ ആചാര്യന്മാരുടെ സാന്നിധ്യത്തിൽ 5 വർഷത്തിലൊരിക്കൽ നടത്തിവരുന്നു.കൂടാതെ ഉത്സാവദിവസം നടത്തിവരുന്ന കളമെഴുത്തുപാട്ടും കാവിലെ പ്രധാനപ്പെട്ട ഒരാഘോഷമാണ്. കളമെഴുത്തുംപാട്ടും കണ്ടു പുണ്യം നേടുവാൻ നാടിൻറെ നാനാഭാഗത്തുനിന്നും ഭക്തജനങ്ങൾ എത്തിച്ചേരുന്നു. സർപ്പബലിയിലും കളമെഴുത്തുപാട്ടിലും ആയില്യപൂജകളിലും ഭക്ത്യാദരപൂർവ്വം പങ്കെടുത്തു ദർശ്ശനം നടത്തിയ പല ദമ്പതിമാർക്കും സന്ദാനഭാഗ്യം ഉണ്ടാകുകയും അവർ സർപ്പക്കാവിൽ എല്ലാവിധ പൂജകളിലും പങ്കുകൊള്ളുകയും ചെയ്യുന്നു.
അഷ്ടമംഗല ദേവപ്രശ്നവിധിപ്രകാരം ക്ഷേത്രത്തിൽ ശിവൻ, മഹാഗണപതി, ഭദ്രകാളി, യോഗീശ്വരൻ, മന്ത്രമൂർത്തി, ബ്രഹ്മരക്ഷസ്സ് എന്നീ ഉപദേവതമാരെ സങ്കൽപ്പിച്ച് പൂജിച്ചുവരുന്നു. ദുർഗ്ഗാദേവിയെപോലെ തന്നെ ഭദ്രകാളിയും ക്ഷേത്രത്തിൽ വളരെ ശക്തിസ്വരൂപിണിയായി കാണപ്പെടുന്നു.
മേടമാസത്തിലെ ചതയം നക്ഷത്രത്തിലാണ് ദേവിയുടെ പുനഃപ്രതിഷ്ഠ നടന്നത്. ആയതിനാൽ എല്ലാവർഷവും തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിൽ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സാവമായി ആഘോഷിച്ചുവരുന്നു. ഇതിൽ ചതയദിനം ദേവിയുടെ ജന്മനാളായി സങ്കൽപ്പിച്ച് സ്ത്രീഭക്തജനങ്ങൾ ദേവിയുടെ ഇഷ്ടവഴിപാടായ പൊങ്കാലനിവേദ്യം അർപ്പിക്കുന്നതുകൂടാതെ ദേവിക്കും ഉപദേവതമാർക്കും കാവിൽ നാഗരാജാവിനും സമർപ്പിച്ച് ഉത്സവദിവസങ്ങൾ വളരെ ആഘോഷപൂർവം നടത്തിവരുന്നു.
Read more