പഴയകാലത്ത് യാത്രാസൗകര്യങ്ങൾ കുറവായിരുന്ന സമയത്ത്, ദൂരയാത്ര ചെയ്യുന്നവർക്കും കാളവണ്ടിയിലും മറ്റുമായി യാത്രചെയ്യുന്ന കച്ചവടക്കാർക്കും ആശ്വാസമായി നിലകൊണ്ടിരുന്ന ഒരു വിശ്രമകേന്ദ്രമായിരുന്നു വഴിയമ്പലം. പുന്നാംകോണം നാഗരുകാവുമായി ബന്ധപ്പെട്ടും ഇത്തരത്തിൽ ഒരു വഴിയമ്പലത്തിന്റെ ചരിത്രം ഇന്നും നാട്ടുകാരുടെ ഓർമ്മകളിൽ നിലനിൽക്കുന്നു.
കാച്ചാണി – അരുവിക്കര റോഡിൽ, കാച്ചാണി സ്കൂൾ ജംഗ്ഷന് സമീപം ലഭിച്ച സ്ഥലത്താണ് അന്നത്തെ കാരണവർ വഴിയമ്പലം നിർമ്മിച്ചത്. അതോടൊപ്പം ഒരു കിണറും കൽത്തൊട്ടിയും ചുമടുതാങ്ങിയും ഒരുക്കി, വഴിയാത്രക്കാർക്ക് വിശ്രമിക്കുവാനും കാളവണ്ടിയിലും മറ്റുമായി യാത്രചെയ്യുന്ന കച്ചവടക്കാർക്ക് ഇടവേള എടുക്കുവാനും കാളകൾക്ക് വെള്ളം കൊടുക്കുവാനും വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
കാലക്രമേണ യാത്രാരീതികളും ജീവിതശൈലിയും മാറിയതോടെ ചുമടുതാങ്ങി പോലുള്ളവയുടെ ആവശ്യകത കുറയുകയും ചെയ്തു. പിന്നീട് റോഡിന്റെ വീതി കൂട്ടിയപ്പോൾ ചുമടുതാങ്ങി എടുത്തുമാറ്റി. കാലപ്പഴക്കത്തെ തുടർന്ന് കിണർ ഇടിഞ്ഞുതാഴ്ന്നുവെങ്കിലും, വഴിയമ്പലം ഇന്നും ക്ഷേത്ര ട്രസ്റ്റിന്റെ സംരക്ഷണത്തിൽ നിലനിൽക്കുന്നു.
മുൻകാലങ്ങളിൽ ഈ സ്ഥലം “കാച്ചാണി അമ്പലംമുക്ക്” എന്ന നാമധേയത്തിലായിരുന്നു അറിയപ്പെട്ടിരുന്നത്. പ്രദേശത്തിന്റെ പൈതൃകത്തിന്റെയും യാത്രാസാംസ്കാരിക ചരിത്രത്തിന്റെയും സാക്ഷ്യമായി വഴിയമ്പലം ഇന്നും നിലകൊള്ളുന്നു.